12:29pm 25 July 2026
NEWS
73 കാരന് അത്യാധുനിക സിറാബ് ചികിത്സയിലൂടെ ആശ്വാസം സങ്കീർണ ധമനി തടസ്സം വിജയകരമായി ചികിത്സിച്ച് കിംസ്ഹെൽത്ത്
24/07/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
73 കാരന് അത്യാധുനിക സിറാബ് ചികിത്സയിലൂടെ ആശ്വാസം സങ്കീർണ ധമനി തടസ്സം വിജയകരമായി ചികിത്സിച്ച് കിംസ്ഹെൽത്ത്

തിരുവനന്തപുരം : ഉദരഭാഗത്തെ പ്രധാന ധമനിയിലും ഇരുകാലുകളിലേക്കും രക്തം എത്തിക്കുന്ന ധമനികളിലും പൂർണമായും തടസ്സം നേരിട്ട കൊല്ലം സ്വദേശിയായ 73-കാരന് അത്യാധുനിക 'കവേർഡ് എൻഡോവാസ്കുലർ റീകൺസ്ട്രക്ഷൻ ഓഫ് ദി അയോർട്ടിക് ബൈഫർക്കേഷൻ' (CERAB) ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം.

ഇരുകാലുകളിലും വേദനയും നീർക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗി കിംസ്ഹെൽത്തിൽ ചികിത്സ തേടിയത്. തുടർന്ന് നടത്തിയ സി.ടി. ആൻജിയോഗ്രാം പരിശോധനയിലാണ് ഉദരഭാഗത്തെ പ്രധാന ധമനിയും ഇരുകാലുകളിലേക്കും രക്തം എത്തിക്കുന്ന ധമനികളും പൂർണമായി അടഞ്ഞ നിലയിലാണെന്ന് കണ്ടെത്തിയത്. ഇതുമൂലം കാലുകളിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയും ഇരുകാലുകളിലും വേദനയും നീർക്കെട്ടും അനുഭവപ്പെടുകയും ചെയ്തു.

കിംസ്ഹെൽത്ത് ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രോഗിക്ക് CERAB ചികിത്സ നിർദേശിച്ചത്. ഉദരഭാഗത്തെ പ്രധാന ധമനിയിലെയും കാലുകളിലേക്കുള്ള ധമനികളിലെയും സങ്കീർണ തടസ്സങ്ങൾ ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാൻ സഹായിക്കുന്ന അത്യാധുനിക മിനിമലി ഇൻവേസീവ് ചികിത്സാരീതിയാണിത്. രക്തക്കുഴലുകളിലൂടെ കത്തീറ്ററുകൾ കടത്തിവിട്ട് അടഞ്ഞ ഭാഗങ്ങളിൽ പ്രത്യേകതരം സ്റ്റെന്റുകൾ സ്ഥാപിച്ചാണ് ധമനികളുടെ സ്വാഭാവിക ഘടന പുനഃസൃഷ്ടിച്ച് കാലുകളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിച്ചത്.

"ഉദരഭാഗത്തെ പ്രധാന ധമനിയിലും കാലുകളിലേക്കുള്ള ധമനികളിലുമുള്ള സങ്കീർണ തടസ്സങ്ങൾ വലിയ മുറിവുകളോ ശാസ്ത്രക്രിയയോ കൂടാതെ നീക്കം ചെയ്യാൻ കഴിയുന്ന CERAB ഒരു മികച്ച ചികിത്സാരീതിയും പ്രായമായ രോഗികൾക്ക് ഏറെ ഗുണകരവുമാണ്.," ഡോ. മനീഷ് കുമാർ യാദവ് പറഞ്ഞു.

മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചികിത്സാരീതിയിൽ ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് ജോസഫ്, അനസ്തീഷ്യ വിഭാഗം  കൺസൾട്ടന്റ് ഡോ. പാർവതി പി എന്നിവരും ഭാഗമായി. ചികിത്സയ്ക്ക് ശേഷം ഇരുകാലുകളിലേക്കുമുള്ള രക്തയോട്ടം സാധാരണ നിലയിലാവുകയും വേദനയും നീർക്കെട്ടും പൂർണമായും മാറുകയും ചെയ്തു. മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം രോഗി ആശുപത്രി വിടുകയും നിലവിൽ സാധാരണ ജീവിതം നയിച്ചുവരികയുമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img